ഉന്നതപഠനം, കാനഡയിൽ അവസരങ്ങളേറെ

വിദേശത്തേക്ക് ചേക്കേറാൻ ലക്ഷ്യമിടുന്നവർ കൂടുതൽ താൽപര്യത്തോടെ പറയാൻ ആഗ്രഹിക്കുന്ന പേരുകളിൽ ഒന്നാണ് കാനഡ. ഇത് എന്തുകൊണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ താൽപര്യത്തിന് കാരണങ്ങൾ പലതാണ്. സമീപകാലത്ത് കുടിയേറ്റത്തെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി മാറുകയാണ് കാനഡ. ഇത് വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്നവർക്കും പുതിയ വാതിലുകൾ തുറന്നുനൽകി. ഇതോടെ ഉന്നതപഠനത്തിനായി കാനഡയിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണവും പെരുകി. ഈ സാഹചര്യത്തിൽ കാനഡയിൽ നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ അടുത്തറിയേണ്ടത് നിർണ്ണായകമായി മാറി.
കാനഡയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ രണ്ട് തലങ്ങളായി വേർതിരിക്കാം. സർവകലാശാലകൾ, കമ്മ്യൂണിറ്റി കോളേജുകൾ എന്നിവയാണ് കനേഡിയൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ രണ്ട് തലങ്ങൾ. ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവയിൽ ഉന്നതപഠനത്തിന് കാനഡയിൽ സാധ്യതകൾ ഏറെയാണ്. യു.ജി കോഴ്‌സുകൾക്കും ബിരുദ പഠനത്തിനും പി.ജി ഡിപ്ലോമ കോഴ്‌സുകൾക്കും കമ്മ്യൂണിറ്റി കോളേജുകളെ വിദ്യാർത്ഥികൾക്ക് ആശ്രയിക്കാം. ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവയ്ക്ക് സർവകലാശാലകളിൽ മാത്രമാണ് അവസരം. കാനഡയിൽ പഠനത്തിനായി എത്തുന്നവർക്ക് സ്റ്റേ ബാക്കും ഉറപ്പാക്കിയിട്ടുണ്ട്. ഒരു വർഷ കോഴ്‌സിന് ഒരു വർഷം സ്റ്റേ ബാക്കും രണ്ട് വർഷ കോഴ്‌സിന് മൂന്ന് വർഷം സ്റ്റേ ബാക്കും ഉറപ്പുനൽകുന്നു.

ഐ.ഇ.എൽ.ടി.എസ് സ്‌കോർ എത്ര?

കാനഡയിൽ ഓരോ കോഴ്‌സുകൾക്കും അഡ്മിഷൻ നേടാൻ ഐ.ഇ.എൽ.ടി.എസ് സ്‌കോർ എത്രയാണ് വേണ്ടതെന്നും വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണം. യു.ജി ഡിപ്ലോമ കോഴ്‌സുകൾക്ക് ശ്രമിക്കുന്നവർക്ക് ഓവറോൾ ഐ.ഇ.എൽ.ടി.എസ് സ്‌കോർ 6 പോയിന്റ് ലഭിക്കണം. പി.ജി ഡിപ്ലോമ കോഴ്‌സുകൾക്ക് ശ്രമിക്കുന്നവർക്ക് ഐ.ഇ.എൽ.ടി.എസ് സ്‌കോർ 6.5 ലഭിച്ചിരിക്കണം. യു.ജി കോഴ്‌സുകൾക്ക് 7 മുതൽ 8 ലക്ഷം രൂപവരെയാണ് ഒരു വർഷത്തെ ഫീസ്. പി.ജി ഡിപ്ലോമ കോഴ്‌സുകൾക്ക് 8 മുതൽ 8.5 ലക്ഷമാണ് ഒരു വർഷത്തെ ഫീസ്. ജി.ഐ.സിക്കായി (guaranteed investment certificate) ഫീസ് ഒറ്റഘട്ടമായി അടയ്ക്കുകയും വേണം.

കോഴ്‌സ് ദൈർഘ്യം

യു.ജി കോഴ്‌സുകൾക്ക് 2 മുതൽ 3 വർഷമാണ് ദൈർഘ്യം. ഡിപ്ലോമ കോഴ്‌സുകൾ 2 വർഷവും അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾ 3 വർഷവുമാണ്. ബാച്ചിലർ കോഴ്‌സുകൾ 4 വർഷം നീണ്ടുനിൽക്കും. പി.ജി ഡിപ്ലോമ കോഴ്‌സുകൾ 1 മുതൽ 2 വർഷവും നീണ്ടുനിൽക്കും. മാസ്‌റ്റേഴസ് ഡിഗ്രി 2 വർഷവും പി.എച്ച്.ഡി 2 മുതൽ 5 വർഷവുമാണ്.
യു.ജി ഡിപ്ലോമ കോഴ്‌സുകളിൽ അഡ്മിഷൻ നേടാൻ 50 മുതൽ 55 ശതമാനം മാർക്ക് നിർബന്ധമാണ്. ബിരുദ കോഴ്‌സുകൾക്ക് അഡ്മിഷൻ നോടാൻ പ്ലസ് ടു തലത്തിൽ 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. പി.ജി ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനത്തിനായി ബിരുദ തലത്തിൽ 50 മുതൽ 55 ശതമാനം മാർക്കും മാസ്റ്റേഴ്‌സ് ഡിഗ്രിക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ബിരുദതലത്തിൽ 65 ശതമാനം മാർക്കും നിർബന്ധമാണ്.

പഠനം, ഒപ്പം ജോലിയും

ഉന്നതവിദ്യാഭ്യാസത്തിനായി കാനഡയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാൻ അവസരമുണ്ട്. കാനഡയിൽ വിദ്യാർത്ഥികൾക്ക് നാല് മാസമാണ് വെക്കേഷൻ കാലഘട്ടം. ഈ സമയം ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യാൻ അവസരമുണ്ട്.Leave a Reply